പനിനീർപ്പൂവ്
തിരിച്ചു വരണ്ട എന്ന തീരുമാനം മാറ്റി കുറെ നാളുകൾക്ക് ശേഷം ഞാൻ ഇവിടേക്ക് തിരിച്ച് വന്നത് എന്റെ സുഹൃത്ത് ഇന്ന് എന്നോട് പറഞ്ഞ ചില കാര്യങ്ങൾ കാര്യമുള്ളതാണ് എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് . ഇനി ഒരു കഥ പറയട്ടെ ?..................................
അവനെ പരിചയപ്പെടുന്നതിന് മുന്പേ അവൾക്ക് സൗഹൃദങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവയൊന്നും പനിനീർപൂവ് പോലെ മണമുള്ളതും സുന്ദരവും ആയിരുന്നില്ല. അവന് എപ്പോഴും പനിനീര്പൂവിന്റെ മണമായിരുന്നു. അവരുടെ സൗഹൃദം വളർന്നു. സുഹൃത്തുക്കളെ വിശ്വസിക്കണം സൗഹൃദത്തിലും വിശ്വസിക്കണം എന്നവൻ അവളെ പഠിപ്പിച്ചു. അവർ ഒരുമിച്ച് നടക്കാൻ ഇഷ്ടപ്പെട്ടു. കഥ കേൾക്കാനും പറയാനും അവള്ക്കെന്നും ഇഷ്ടമായിരുന്നു. അവളുടെ ഇഷ്ടങ്ങൾ അവന്റെയും ഇഷ്ടങ്ങൾ ആണെന്ന് അവൾക്ക് തോന്നി. അവളുടെ കഥകൾ കേൾക്കാൻ അവളോട് കഥ പറയാൻ അവൻ എന്നും ഓടിയെത്തി.
ഒരുദിവസം കഥ പറയുന്നതിനിടയിൽ അവൻ
"എനിക്കൊരു പനിനീർ തോട്ടം ഉണ്ട് , നിന്നെ അവിടേക്ക് കൂട്ടിക്കൊണ്ട് പോകണം എന്നെനിക്കാഗ്രഹം ഉണ്ട് ."
അവൾക്ക് സ്വർഗ്ഗം കാണാൻ പോകുന്ന സന്തോഷമായിരുന്നു.
അവർ പൂന്തോട്ടത്തിൽ എത്തി. പനിനീർ പൂക്കളെ അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും അവൾ ചെടിയുടെ അടുത്ത് പോയിരുന്നില്ല. കാരണം കുട്ടിക്കാലത്ത് അമ്മ പറയും .
" പനിനീർ ചെടിയിൽ തൊടരുത് മുള്ള് കൊള്ളും മോള്ടെ കയ്യ് വേദനിക്കും ."
പക്ഷെ അവൻ അവളെ നിർബന്ധിച്ചു..
" ചെറിയ മുള്ളാണ് സാരമില്ല. ചെറുതായി വേദനിച്ചാലും പനിനീർ പൂവ് കിട്ടില്ലേ?"
അവന്റെ ചോദ്യത്തിന് മുന്നിൽ അവൾക്ക് ഉത്തരം ഇല്ലായിരുന്നു.
പെട്ടന്ന് അവൻ തന്റെ കയ്യിൽ കടന്നു പിടിക്കുന്നതും തോട്ടത്തിലേക്ക് വലിച്ചടുപ്പിക്കുന്നതും അവൾ അറിഞ്ഞു. തടുക്കാൻ അവൾക്കായില്ല. പിന്നീട് അവൾക്ക് മനസിലായി അവൻ പറഞ്ഞത് ശരിയായിരുന്നു എന്ന് . ചെറുതായി വേദനിച്ചു എങ്കിലും പനിനീർ പൂക്കളുടെ സുഗന്ധവും നിറവും ഇന്നും അവൾക്ക് അനുഭവിക്കാൻ കഴിയുന്നു. അവൾ വീണ്ടും വീണ്ടും അവനെ സ്നേഹിച്ചു. പനിനീർ പൂക്കളുടെ ലോകത്തിലേക്ക് തന്നെ കൊണ്ടുപോയത് അവൻ അവൻ മാത്രമാണല്ലോ........
പിന്നീട് ഒരു ദിവസം ഒരു സുഹൃത്ത് എന്ന് പറയാൻ തക്ക സൗഹൃദം ഇല്ലാത്ത ഒരാൾ അവൾക്കൊരു പനിനീർ പൂവ് സമ്മാനിച്ചു . ആ പൂവിൻ തണ്ടിലെ മുള്ള് അവളെ ഒരുപാടു വേദനിപ്പിച്ചു. വേദനിക്കുന്ന വിരലുമായി അവൾ അവന്റെ അടുക്കൽ എത്തി. ഇപ്പോൾ അവന് അവളോട് കഥ പറയാനും കേൾക്കാനും സമയം ഇല്ലാതായിരിക്കുന്നു. പക്ഷെ ഇതൊന്നും അവൾ ആലോചിച്ചിരുന്നില്ല. പതിവ് പോലെ അവൾ അവളുടെ കഥകളും കാര്യങ്ങളും പറഞ്ഞു. അവസാനം മുള്ള് കൊണ്ട് വേദനിച്ച കയ്യും കാട്ടിക്കൊടുത്തു.
ആശ്വാസവക്കുകൾക്ക് പകരം അവൻ പറഞ്ഞത് അവൾ കേൾക്കുകയല്ലയിരുന്നു.....
" പനിനീർ പൂക്കൾ എന്ന് പറഞ്ഞ് ആരാന്റെ തോട്ടത്തിൽ കയറിയാൽ ഇങ്ങനെയൊക്കെ ആകും. ഇതു നിനക്ക് ഒരു പാഠമായിരിക്കട്ടെ ."
പ്രജ്ഞയിലേക്ക് വന്ന അവൾ കണ്ടത് വിദൂരതയിൽ നടന്നകലുന്ന അവനെ ആയിരുന്നില്ല.......
അവൻ ചവിട്ടിയരച്ച പനിനീർ പൂവായിരുന്നു.........
അന്നാദ്യമായി അവൾക്ക് തോന്നി പനിനീർപ്പൂവിന് ഒരു സുഗന്ധവും ഇല്ലെന്ന്......................